
സരസ്വതി പ്രധാന ദേവതയായ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നായ അണ്ണാവി സരസ്വതി കോവിലിലേയ്ക്ക് സ്വാഗതം.
ആലപ്പുഴയുടെ നഗരഹൃദയമായ മുല്ലയ്ക്കലിനോട് ചേർന്ന്, ചന്ദനക്കാവിലാണ് അണ്ണാവി സരസ്വതി കോവിൽ. ഇവിടെ നവരാത്രി പ്രധാന ഉത്സവവും, എഴുത്തിനിരുത്ത് പ്രധാന ചടങ്ങുമാണ്. വർഷം തോറും ധാരാളം കുഞ്ഞുങ്ങൾ വിദ്യാരംഭം കുറിക്കാറുണ്ട്.
ദേവീ ഭക്തരായിരുന്ന തമിഴ് പൂർവികരുടെ ഉപാസനാ കേന്ദ്രം; തമിഴ്, മലയാളം, ഗണിതം, ജ്യോതിഷം, ആയുർവേദം തുടങ്ങിയവയുടെ പള്ളിക്കൂടം; തമിഴ് നാട്ടിലെയും കേരളത്തിലെയും കലാകാരന്മാരുടെ സങ്കേതം; കലാ പഠന കേന്ദ്രം എന്നീ നിലകളിൽ ഇവിടം പണ്ട് അറിയപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരു വർഷം കൊണ്ട് പരമ്പരാഗത ശാസ്ത്രീയ രീതിയിൽ പുനരുദ്ധാരണം നടത്തി, 2023 നവരാത്രിയ്ക്ക് നവീകരണ കലശം കഴിഞ്ഞ കോവിലിൽ നിത്യപൂജ കേരളീയ രീതിയിൽ നടക്കുന്നുണ്ട്.
Darshanam Timings :
05 : 30 AM to 10:30 AM
05 : 30 PM to 07:30 PM


ശ്രീകോവിലിൽ, സരസ്വതീ ദേവിയ്‌ക്കൊപ്പം പ്രാധാന്യത്തോടെ ഭദ്രയും; ഉപദേവതകളായി ഗണപതിയും, ശിവനും ഉണ്ട്. പുറത്ത്; പരദേശി (യോഗീശ്വരൻ), പോത്തി (സമാധിസ്ഥനായ യോഗി), ഭൈരവസ്വാമി, വീരഭദ്രസ്വാമി, മാടസ്വാമി, യക്ഷി, കാപ്പിരി (മുഹമ്മദീയ സിദ്ധൻ) എന്നീ സങ്കല്പങ്ങളും ഉണ്ട്.
പുതുക്കി പണിത കോവിൽ കാഴ്ചഭംഗി കൊണ്ടും, സ്ഥാപത്യകലാ മികവ് കൊണ്ടും വേറിട്ട് നിൽക്കുന്നതാണ്.
ഭക്തിയും കടന്ന്, ആദ്ധ്യാത്മികതയ്ക്കും, ആത്മീയതയ്ക്കും പ്രാധാന്യമുള്ള ഒരിടം എന്ന നിലയിൽ ഈ കോവിൽ ഉയർന്നു വരണമെന്നാണ് ഇവിടത്തെ ഭക്തരുടെ ആഗ്രഹം. നൂറ്റാണ്ടുകളായി പൂർവികർ ഉപയോഗിച്ചിരുന്ന നാരായം പ്രതിഷ്ഠിച്ച ഒരു ജ്ഞാനപീഠത്തിൽ ഭാഷാ പിതാക്കന്മാരായ തിരുവള്ളുവരുടെയും എഴുത്തച്ഛന്റേയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. അവിടെ, വിദ്യാഭ്യാസം ചെയ്യുന്നവർക്ക് സ്വയം അർച്ചന ചെയ്യുവാനുള്ള അവസരം ഉണ്ട്.
കോവിലിനോട് അനുബന്ധിച്ച് ഒരു സേവാകേന്ദ്രവും (സേവാ പ്രതിഷ്ഠാൻ) പാലിയേറ്റീവ് കെയറും (നൈമിഷാരണ്യം) പ്രവർത്തിക്കുന്നുണ്ട്.
