top of page

Events

ആത്മീയസാധനാസ്ഥാനം

പാരമ്പര്യ പൂജകൾ നടക്കുന്ന ഒരു ക്ഷേത്രം എന്നതിലുപരി , ഒരു ആത്മീയ സാധനാസ്ഥാനം എന്ന നിലയിൽ ഈ കോവിലിനെ ഉയർത്തിക്കൊണ്ട് വരികയാണ് ഞങ്ങളുടെ ലക് ഷ്യം.   

 

ഭക്തിയുടെ പ്രകടനപരതയ്ക്കപ്പുറത്ത് , വ്യക്തിയുടെ ആദ്ധ്യാത്മികമായ വികാസം ഇവിടവുമായുള്ള സമ്പർക്കത്തിലൂടെ സംഭവിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിലേയ്ക്ക് പുതുതലമുറയെ ക്ഷണിക്കുന്നതിന്റെ ആദ്യപടിയെന്ന നിലയിൽ , വിദ്യാർത്ഥികൾക്ക് സരസ്വതീപൂജ സ്വയം ചെയ്യാനാവുന്ന ഒരു മണ്ഡപം ഇവിടെയുണ്ടാവും. ഭാഷാ പിതാക്കളായ തിരുവള്ളുവറിന്റെയും , എഴുത്തച്ഛന്റേയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള ഈ മണ്ഡപത്തിൽ , കുടുംബത്തിലെ വല്യണ്ണാവിമാർ ഉപയോഗിച്ചിരുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള നാരായം (എഴുത്താണി) അർച്ചനാബിംബമായി ഉണ്ടാകും. 

 

സത്സംഗങ്ങൾ , ആധ്യാത്മികവിചാര സദസ്സുകൾ , ഭജനമണ്ഡലികൾ , പ്രഭാഷണങ്ങൾ , ധർമ്മാനുബന്ധമായ മറ്റ് സദസ്സുകൾ തുടങ്ങി സനാതന ധർമ്മവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിരന്തരമായ സാന്നിദ്ധ്യം വരുംകാലപ്രവർത്തനങ്ങളുടെ കാര്യക്രമങ്ങളിൽ ഉണ്ടാകും. 

സേവാകേന്ദ്രം

"സേവാ ഹി പരമോ ധർമ്മ :" എന്ന ദർശനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സേവാകേന്ദ്രവും (ശിവൻപിള്ളയണ്ണാവി സ്മാരക സേവാകേന്ദ്രം ) കോവിലിനോട് അനുബന്ധിച്ച് പ്രവർത്തനത്തിലുണ്ടാകും . നൈമിഷാരണ്യം പാലിയേറ്റിവ് കെയർ , സേവാ പ്രതിഷ്ഠാൻ , തുടങ്ങിയവ ഇതിനോട് അനുബന്ധിച്ചു പ്രവർത്തിക്കും . ഒരു ചെറിയ ഊട്ടുപുരയും കോവിലിനോട് ചേർന്ന് ഉണ്ടാകും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുഞ്ഞുങ്ങൾക്കുള്ള പഠനോപകരണങ്ങൾ വഴിപാടായി ഇവിടെ സ്വീകരിക്കും . അവ അർഹിക്കുന്ന കൈകളിൽ എത്തിക്കാൻ സേവാവിഭാഗം വേണ്ട കാര്യങ്ങൾ ചെയ്യുന്നതാണ് .

ആരാധനാസമ്പ്രദായം

ദേവിപ്രധാനമായ പാരമ്പര്യമായ ആരാധനാക്രമത്തിൽ , സരസ്വതിയുടെ ഉപാസന പ്രാമാണ്യേന നടക്കും . ഭദ്ര , ശിവൻ , ഗണപതി തുടങ്ങിയ ദേവതാസങ്കൽപ്പങ്ങൾ ശ്രീകോവിലിലും ; പരദേശി ആചാര്യൻ , പോത്തി അയ്യാവ് കുടുംബത്തിൽ പണ്ട് ജീവിച്ചിരുന്ന യോഗിയുടെ സമാധി); കാപ്പിരി " എന്ന മുഹമ്മദീയ സിദ്ധൻ ; യക്ഷിയമ്മ തുടങ്ങിയ സങ്കൽപ്പങ്ങൾ ശ്രീകോവിലിന് പരിസരത്തായും ഉണ്ട് ഒരു കുടുംബക്ഷേത്രമെന്നതിലുപരി , സനാതന ധർമ്മത്തെ ആദരിക്കുന്ന സർവ്വമതസ്ഥർക്കും ക്ഷേത്രാചാര ശുദ്ധിയോടെ ഉപാസനയും , പൂജയും നടത്താൻ ഇവിടെ സൗകര്യവും , സ്വാതന്ത്ര്യവുമുണ്ടാകും.

നാമജപമണ്ഡപം

എല്ലാ ദിവസവും ഉദയാസ്തമയപര്യന്തം നാമജപം നടക്കാനുള്ള താല്പര്യത്തിലാണ് കോവിൽ . വ്യക്തികൾ , കൂട്ടായ്മകൾ , വിദ്യാർത്ഥികൾ , ഉപാസകർ , സാധകർ തുടങ്ങി ആർക്കും ഇവിടെ പകൽ സമയം നാമജപം ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നതാണ് . അതുപോലെ തന്നെ , ഭജൻ സംഘങ്ങൾക്കും . അവർക്കാവശ്യമുള്ള ഭക്ഷണ വ്യവസ്ഥയും ഉണ്ടാകും . ഉച്ചഭാഷിണിയിലൂടെയുള്ള അന്തരീക്ഷ മലിനീകരണം തീരെ കുറച്ച് , കോവിലിന്റെ പരിമിതമായ പരിസരത്ത് മാത്രം കേൾക്കാവുന്ന ശബ്ദസൗകര്യമായിരിക്കും നാമജപത്തിന് ഒരുക്കുക.

Image by Noah Buscher

പ്ലാസ്റ്റിക് കവറുകൾ , കുപ്പികൾ , പാത്രങ്ങൾ എന്നിവ ഒരു കാരണവശാലും ഇവിടെ ഉപയോഗിക്കുകയില്ല . അക്കാരണം കൊണ്ടുകൂടിയാണ് പുറമേനിന്നുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടുവരരുതെന്ന് അഭ്യർത്ഥിക്കുന്നത്. 

പ്രകൃത്യനുകൂലക്ഷേത്രം

bottom of page